കരുവാരകുണ്ട്: കൽക്കുണ്ട് മലയോരത്ത് കഴിഞ്ഞദിവസം കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാർ സഹായത്തിനു സാങ്കേതിക തടസമെന്ന് വനംവകുപ്പ് അധികൃതർ.
നിരോധിത മേഖലയായ വനത്തിനുള്ളിൽ അതിക്രമിച്ച് കയറിയതിനിടെയാണ് അപകടം സംഭവിച്ചതെന്ന കണ്ടെത്തലിൽ, കൊല്ലപ്പെട്ട ജംഷീറിന്റെ കുടുംബത്തിനു ലഭിക്കേണ്ട 10 ലക്ഷം രൂപയുടെ സർക്കാർ ധനസഹായം ലഭിക്കാൻ സാധ്യതയില്ലെന്നു നിലന്പൂർ സൗത്ത് ഡിഎഫ്ഒ ജി. ധനിക്ലാൽ പറഞ്ഞു.
വനംവകുപ്പ് നടത്തിയ വിശദമായ പരിശോധനയിലാണ് ജംഷീറിനെ കണ്ടെത്തിയ പ്രദേശം വനത്തിനുള്ളിലാണെന്നു സ്ഥിരീകരിച്ചത്. ജംഷീറിന്റെ ചെരിപ്പ് അടക്കമുള്ള വസ്തുക്കൾ വനത്തിനുള്ളിൽനിന്നു കണ്ടെടുത്തിരുന്നു.
പരിക്കേറ്റ ജംഷീറിനെ ആശുപത്രിയിലെത്തിച്ചവരിൽനിന്നു ലഭിച്ച വിവരങ്ങളും കണ്ടെത്തലിനെ ശരിവയ്ക്കുന്നതാണെന്ന് ഡിഎഫ്ഒ പറഞ്ഞു. സംഭവം നടന്ന സ്ഥലം സൈലന്റ് വാലി നാഷണൽ പാർക്കിന്റെ പരിധിയിൽ വരുന്നതായതിനാൽ തുടർനടപടികൾ സൈലന്റ് വാലി അധികൃതരാണു സ്വീകരിക്കേണ്ടത്. ജംഷീറിനൊപ്പം വനത്തിൽ പോയതായി പറയപ്പെടുന്ന രണ്ടു പേർക്കെതിരേ വനത്തിൽ അതിക്രമിച്ചു കയറിയതിനു കേസെടുക്കാനുള്ള സാധ്യതയും വനംവകുപ്പ് തള്ളിക്കളയുന്നില്ല.
ദുരന്ത നിവാരണ ഫണ്ടിൽനിന്നു ലഭിക്കേണ്ട നാലു ലക്ഷം രൂപയുടെ അടിയന്തര സഹായത്തിന്റെ കാര്യത്തിലും ഇപ്പോൾ അനിശ്ചിതത്വം നിലനിൽക്കുകയാണ്.അതേസമയം, വനംവകുപ്പിന്റെ വാദങ്ങൾക്കെതിരേ കർഷക സംഘടനയായ കിഫ രംഗത്തെത്തി.
ജംഷീർ വനത്തിനു പുറത്ത് ജോലി ചെയ്യുന്നതിനിടെ ആനയെ കണ്ട് ഭയന്നോടിയപ്പോഴാണു വനത്തിനുള്ളിൽപ്പെട്ടുപോയതെന്നു കിഫ ജില്ലാ പ്രസിഡന്റ് മാത്യു സെബാസ്റ്റ്യൻ പറഞ്ഞു. അർഹമായ നഷ്ടപരിഹാരം നൽകാതിരിക്കാനാണ് വനംവകുപ്പ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ഉണ്ണീൻകുട്ടിയുമായി നടത്തിയ ചർച്ചയിൽ അടിയന്തര സഹായം ലഭ്യമാക്കാൻ ശ്രമിക്കുമെന്നു ഡിഎഫ്ഒ പറഞ്ഞിരുന്നു.